സ്ഥാപന ചരിത്രം
കോട്ടയം ജില്ലയുടെ വടക്കുകിഴക്കേകോണിൽ പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറെ ചെരുവിൽ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിൽ പുല്ലകയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ ഗ്രാമപഞ്ചായത്ത് പ്രകൃതിസുന്ദരമായ പ്രദേശമാണ്.
കേരളത്തിൽ പഞ്ചായത്ത് ഭരണസംവീധാനം നിലവിൽ വന്ന 1953 ൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്‍റെ ആസ്ഥാനം ഇന്നത്തെ ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിലെ നാരകംപുഴയായിരുന്നു. 1969 വരെ കൂട്ടിക്കൽ ഗ്രാമപഞ്ചയത്തിന് 7 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ നമ്മുടെ പഞ്ചായത്തിന്‍റെ പരിധിയിലുള്ള 11 വാര്‍ഡുകൾ ഉള്‍പ്പെടുന്ന കൂട്ടിക്കൽ, ഏന്തയാർ, കൊടുങ്ങ വാര്‍ഡുകൾ ഇപ്പോഴത്തെ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്‍റെ ഭാഗമായിരുന്നു. 1969 ൽ കൂട്ടിക്കൽ, ഏന്തയാർ, കൊടുങ്ങ വാര്‍ഡുകൾ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്നും വേര്‍തിരിച്ചു കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനോട് ചേര്‍ക്കുകയും കൂട്ടിക്കല്‍ഗ്രാമപഞ്ചായത്തിന്‍റെ ആസ്ഥാനം നാരകംപുഴയിൽ നിന്നും വാഹിനി തീയേറ്ററിന് (ഇപ്പോഴത്തെ സെന്‍റ്മേരീസ് ഓര്‍ത്തഡോക്സ് പള്ളി) മുന്‍വശത്തുള്ള പൊട്ടംകുളം ബില്‍ഡിംഗിലേയ്ക്ക് മാറ്റി. 1970 ഇടുക്കി ജില്ലയുടെ രൂപീകരണത്തോടെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകൾ ഇന്നത്തെ ഇടുക്കി, കോട്ടയം ജില്ലകളിലായി വിഭജിക്കപ്പെട്ടു. അതോടെ നാരകംപുഴ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഇന്നത്തെ കൊക്കയാർ ഗ്രാമപഞ്ചായത്തായി രൂപാന്തരപ്പെടുകയും, കൂട്ടിക്കൽ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പഞ്ചായത്ത് കൂട്ടിക്കൽ പഞ്ചായത്തായി നിലനില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മുണ്ടക്കയം പഞ്ചായത്തിന്‍റെ ഭാഗമായിരുന്ന പറത്താനം (ഇന്നത്തെ 1, 13 വാര്‍ഡുകൾ ) കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു .
1953 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂട്ടിക്കൽ, കാവാലി, വെട്ടിക്കാനം, തേന്‍പുഴ എന്നീ പ്രദേശങ്ങൾ (ഇന്നത്തെ 2, 3, 11, 12 വര്‍ഡുകൾ) ഉള്‍ക്കൊള്ളുന്ന കൂട്ടിക്കൽ വാര്‍ഡിലെ ആദ്യ പഞ്ചായത്ത് മെമ്പർ പരേതനായ ശ്രീ. ഇ കെ നാണു അവര്‍കളും, ഏന്തയാർ, ചാത്തന്‍പ്ലാപ്പളി, പ്ലാപ്പളളി ഒളയനാട് കൊടുങ്ങ, ഇളംകാട് ( 3-ം വാര്‍ഡ് ഭാഗീകം, 4, 5, 6, 7, 8, 9, 10 ) പ്രദേശങ്ങൽ ഉള്‍ക്കൊള്ളുന്ന പ്ലാപ്പളളി വാര്‍ഡിലെ പ്രതിനിധിയായി പരേതനായ ശ്രീ. പി നാരായണൻ, പരുത്തപ്പാറ അവറുകളെയും തിരഞ്ഞെടുത്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ നിന്നും കൂട്ടിക്കൽ ഗ്രാമപഞ്ചയത്തിലേയ്ക്ക് ചേര്‍ന്ന പറത്താനം, വല്ലീറ്റ, ഉരുളുമൊട്ട എന്നീ മേഖലകൾ (ഇന്നത്തെ 1, 13 വാര്‍ഡുകൾ ഉള്‍ക്കൊള്ളുന്ന മേഖലയിലെ മെംബർ ശ്രീ പി റ്റി നാണു ആയിരുന്നു.)
1964 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇപ്പോൾ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്‍റെ കൊടുങ്ങ, ഏന്തയാർ, കൂട്ടിക്കൽ എന്നീ മൂന്നു വാര്‍ഡുകളായി വിഭജിച്ചിരുന്നു. പരേതനായ ശ്രീ. പി ഐ രാമൻ, ശ്രീ ആർ കൃഷണപ്പൻ, പരേതനായ ശ്രീ. എൻ എ എബ്രഹാം എന്നിവർ ഈ വാര്‍ഡുകളിലെ പഞ്ചായത്ത് മെംബര്‍മാരായിരുന്നു. ഇവരുടെ ത്യാഗോജ്ജ്വലമായ പോരാട്ടത്തില്‍ന്നുമാണ് 1969 ൽ കൂട്ടിക്കൽ പഞ്ചായത്ത് രൂപപ്പെടുന്നത്. പഞ്ചായത്ത് രൂപീകരണത്തിന് ശേഷം നിലവിലുള്ള പഞ്ചായത്തു മെംബര്‍മാര്‍ക്കുപുറമേ പരേതനായ ശ്രീ. കെ കെ എബ്രഹാം പൊട്ടംകുളം, പരേതനായ ശ്രീ. കെ എസ് ഇബ്രാഹിം കല്ലുപുരയ്ക്കൽ, ശ്രീ കെ ജെ തോമസ് കൊല്ലംപറമ്പിൽ എന്നിവരെക്കൂടി നോമിനേറ്റ് ചെയ്തു. ഈ പഞ്ചായത്ത് സമിതിയുടെ പ്രസിഡന്‍റ് ശ്രീ കെ കെ എബ്രഹാം പൊട്ടംകുളം ആയിരുന്നു. 1980 ലെ തെരഞ്ഞെടുപ്പിൽ 9 വാര്‍ഡുകൾ ഉണ്ടായിരുന്ന പഞ്ചയത്തിന്‍റെ പ്രസിഡന്‍റ് ശ്രീ കെ ജെ തോമസ്, കൊല്ലംപറമ്പിൽ ആയിരുന്നു. 1988 ലെ തെരഞ്ഞെടുപ്പിൽ 9 വാര്‍ഡുകളായിരുന്നു. ശ്രീ പി റ്റി തോമസ്, പുറപ്പന്താനം ആയിരുന്നു പ്രസിഡന്‍റ്. ത്രിതല പഞ്ചായത്ത് നിലവിൽ വന്നതിന്ശേഷം നടന്ന 1995 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 8 വാര്‍ഡുകളായിരുന്നു ഉണ്ടായിരുന്നത് ശ്രീ ആർ കൃഷ്ണപ്പൻ ആയിരുന്നു പ്രസിഡന്‍റ്. കൂട്ടിക്കൽ ഉള്‍പ്പെടുന്ന മേഖലയിലെ പ്രഥമ ബ്ലോക്ക് മെംബർ ശ്രീ ജോസ് ഇടമനയും, ജില്ലാ പഞ്ചായത്ത് മെംബർ ശ്രീ റ്റി കെ രാജനും ആയിരുന്നു. 2000 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 10 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ശ്രീ പി കെ സണ്ണിയായിരുന്നു പ്രസിഡന്‍റ്. 2005 ലെ തെരഞ്ഞെടുപ്പിൽ 12 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. പ്രസിഡന്‍റ് സ്ഥാനം വനിതകള്‍ക്ക് സംവരണം ചെയ്തപ്പോൾ ശ്രീമതി അയിഷ ഉസ്മാൻ ആയിരുന്ന പ്രഥമ വനിതാ പഞ്ചായത്ത് പ്രസിഡന്‍റ്. 2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 13 വാര്‍ഡുകളായിരുന്നു ഉണ്ടായിരുന്നത് ശ്രീ. വി എം ജോസഫ് ആയിരുന്നു പ്രസിഡന്‍റ്. 2015 ലെ തെരഞ്ഞെടുപ്പിലും 13 വാര്‍ഡുകളായിരുന്നു ഉണ്ടായിരുന്നത് ശ്രീമതി ബിന്ദു രവീന്ദ്രൻ ആയിരുന്നു പ്രസിഡന്‍റ്. 2020 ലെ തിരഞ്ഞെടുപ്പിൽ ശ്രീ. പി എസ് സജിമോൻ, സിന്ധു എ. എസ്, ബിജോയ് ജോസ് എന്നിവരായിരുന്നു പ്രസിഡന്‍റുമാർ. 2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുതിയതായി രൂപീകരിച്ച വെട്ടിക്കാനം വാര്‍ഡ് ഉള്‍പ്പെടെ 14 വാര്‍ഡുകളായി മാറി. ഇപ്പോൾ ശ്രീമതി ആന്‍സമ്മ എബ്രഹാം (ആന്‍സി അഗസ്റ്റിൻ) ആണ് പ്രസിഡന്‍റ്.