ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

       വളരെ സവിശേഷമായ ഒരു സാംസ്ക്കാരിക ചരിത്രം നമ്മുടെ ഗ്രാമപഞ്ചായത്തിനുണ്ട് പുല്ലകയാറിന്‍റെ തീരത്തുനിന്നും നമ്മുടെ സാംസ്ക്കാരികചരിത്രം തുടങ്ങുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ മലയരയന്‍മാരും, കോയിക്കന്‍മാർ എന്നറിയപ്പെടുന്ന ഒരു ജനവിഭാഗവും പുല്ലകയാറിന്‍റെ ഇരുകരകളിലുമായി കൂട്ടിക്കൽ കേന്ദ്രമാക്കി അധിവസിക്കുവാന്‍ തുടങ്ങി. അക്കാലത്ത് കൂട്ടിക്കല്‍ പ്രദേശം  പന്തളം രാജകുടുംബത്തിന്‍റെ അധീനതയിലായിരുന്നു. ഒരു യുദ്ധത്തിൽ പരാജയപ്പെട്ടു തമിഴ്നാട്ടിൽ നിന്നും  പ്രാണരക്ഷാര്‍ത്ഥം  പാലായനം ചെയ്ത്  പന്തളം രാജാവിന്‍റെ അടുക്കൽ  അഭയം പ്രാപിച്ച ഒരു രാജകുടുംബത്തിന്  പൂഞ്ഞാര്‍ കേന്ദ്രമാക്കി വിപുലമായ ഒരു ഭൂപ്രദേശത്തിന്‍റെ  ഭരണാധികാരം  പന്തളം രാജാവ് നല്‍കി. അങ്ങനെയാണ്  ഈ ഭൂപ്രദേശം  പൂഞ്ഞാര്‍ രാജകുടുംബത്തിന്‍റെ അധീനതയിലാകുന്നത്. 1850-ാം ആണ്ടോടുകൂടി  കൂട്ടിക്കല്‍ എത്തിയ യൂറോപ്യന്‍മാരായ ക്രിസ്ത്യൻ മിഷണറിമാർ അന്ന് ഇവിടെയുണ്ടായിരുന്ന ജനവിഭാഗങ്ങളുടെ  ഇടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും, ക്രമേണ ഇവര്‍ ക്രിസ്തുമതം സ്വീകരിക്കുകയും, ഇങ്ങനെ  സ്വീകരിച്ചവരെ പാര്‍പ്പിക്കുന്നതിനായി  ക്രിസ്ത്യൻ മിഷണറിമാർ പൂഞ്ഞാര്‍ രാജകുടുംബത്തിൽ നിന്നും  കൂട്ടിക്കല്‍ പ്രദേശം ഏറ്റെടുക്കുകയും  ചെയ്തു. ഇവരുടെ ആരാധനാസൗകര്യത്തിനായി  1852 ൽ കൂട്ടിക്കൽ ചപ്പാത്തിനോടടുത്തുള്ള ഇന്നത്തെ  സി. എസ്. ഐ. ദേവാലയം സ്ഥാപിതമായി. 

മതമൈത്രിയുടെ  പ്രതീകമാണ് കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത്. ഹിന്ദുക്കളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളും  ഒരുമയോടെയാണ് ഇവിടെ ജീവിക്കുന്നത്. മൂന്നു മതങ്ങളുടെയും ആരാധനാലയങ്ങള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ചുരുക്കം സ്ഥലങ്ങളിലൊന്നാണ് കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത്. അതിപുരാതനമായ ഒരു ചരിത്രം കൂട്ടിക്കലിനുണ്ട് . കൂട്ടിക്കല്‍ സെന്‍റ് ജോര്‍ജ്  ഹൈസ്കൂൾ ഗ്രൗണ്ട്  ലെവൽ ചെയ്തപ്പോൾ ഉദ്ദേശം  8 അടി  താഴ്ച്ചയിലായി ആറടി ഉയരവും 4 അടി വ്യാസവും ഉള്ള നിരവധി  വന്‍ഭരണികള്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. ഇത് ഈ പ്രദേശത്തിന്‍റെ പ്രാചീനതയിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ്. ക്രിസ്ത്യൻ മിഷണറിമാരുടെ വരവോടുകൂടി  നമ്മുടെ പ്രദേശത്തിന്‍റെ ഭൂപ്രകൃതിയും, ഫലഭൂഷ്ഠതയും  മനസ്സിലാക്കിയ വിദേശികള്‍ ഇവിടെ റബര്‍ കൃഷി ആരംഭിക്കുകയും ചെയ്തു. ഇന്ത്യയില്‍ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ റബ്ബര്‍കൃഷി ആരംഭിച്ചത് നമ്മുടെ ഗ്രാമപഞ്ചായത്തിലെ ഏന്തയാറ്റിലാണെന്നുള്ളത് എടുത്ത് പറയേണ്ട ഒന്നാണ്.  ഇങ്ങനെ യൂറോപ്യന്‍മാർ ആരംഭിച്ച റബ്ബർ തോട്ടങ്ങളാണ് താളുങ്കൽ എസ്റ്റേറ്റും, ജെ. ജെ മര്‍ഫിയുടെ ഏന്തയാർ എസ്റ്റേറ്റും. നമ്മുടെ ഭൂപ്രദേശങ്ങളില്‍ ഏറ്റവും ഫലഭൂഷ്ഠിയുള്ളതും , താഴ്ന്ന പ്രദേശങ്ങളുമാണ് അവര്‍ റബര്‍കൃഷിക്കായി തെരഞ്ഞെടുത്തത്. എസ്സറ്റേറ്റിലും, തോട്ടങ്ങളിലും  ജോലിക്കായി തിരുവിതാംകൂറിന്‍റെ വിവിധഭാഗങ്ങളില്‍നിന്നും  മലയാളികളും , തമിഴ്നാട്ടില്‍ നിന്നും തമിഴരും, കര്‍ണ്ണാടകത്തില്‍നിന്നും  കന്നടിയന്‍മാരും  ഇവിടെയെത്തുകയും  കാലാന്തരത്തില്‍  ഇവരെല്ലാവരും ഈ നാട്ടുകാരായിത്തീരുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്‍റെ  ആരംഭത്തോടുകൂടി  നമ്മുടെ നാട്ടിലേയ്ക്ക് കര്‍ഷകരുടെ കുടിയേറ്റം ആരംഭിച്ചു. ഇപ്പോഴത്തെ  മീനച്ചില്‍ താലൂക്കിന്‍റെ പ്രദേശങ്ങളായ  പാലാ, പൂവരണി, ഇടമറ്റം, ഈരാറ്റുപേട്ട എന്നീ പ്രദേശങ്ങളില്‍നിന്നും കാഞ്ഞിരപ്പള്ളി താലൂക്കിന്‍റെ  ഭാഗമായ കാഞ്ഞിരപ്പള്ളി കപ്പാട്, കാളകെട്ടി മേഖലകളില്‍ നിന്നുമാണ് കൂടുതല്‍ കര്‍ഷകരും കുടിയേറിയിരിക്കുന്നത്. തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലാതിരുന്നതും, യൂറോപ്യന്‍മാർ മാറ്റിയിട്ടിരുന്നതുമായ പ്രദേശങ്ങളും, ഹരിപ്പാട് എസ് കൃഷ്ണയ്യരെപ്പോലുള്ള ജന്‍മിമാരുടെ കൈവശം ഇരുന്നതുമായ പ്രദേശങ്ങളായ  പറത്താനം, കാവാലി, പ്ലാപ്പളളി, ഞര്‍ക്കാട്  കൂന്നാട്, കൊടുങ്ങ, വല്യന്ത, മേലേത്തടം, മ്ലാക്കര, മുപ്പത്തിയൊമ്പത് എന്നീ പ്രദേശങ്ങളാണ് കുടിയേറ്റകര്‍ഷകര്‍ക്ക് കൃഷിക്കായി ലഭിച്ചത്.

പുല്ലകയാര്‍, കൊക്കയാർ, താളുങ്കല്‍തോട് എന്നീ മൂന്നു പുഴകൾ  സംഗമിക്കുന്ന ഈ പ്രദേശത്തിന് കൂട്ടി എന്ന് പേര് ഉണ്ടായി. കാലാന്തരത്തിൽ കൂട്ടിയിൽ എന്ന പദപ്രയോഗം  കൂട്ടിക്കല്‍ ആയി രൂപാന്തരപ്പെട്ടു. വിദേശികള്‍  സ്ഥാപിച്ച  താളുങ്കൽ എസ്റ്റേറ്റിന്‍റെ  പ്രകൃതിഭംഗിയില്‍ ആകൃഷ്ടരായ സായിപ്പുമാർ ഇംഗ്ലണ്ടിലെ സുഖവാസകേന്ദ്രമായ കൂട്ടിക്കുൾ  എന്ന പ്രദേശത്തെ അനുസ്മരിച്ചതാണ്  എസ്റ്റേറ്റിന് കൂട്ടിക്കുള്‍ എന്ന പേര്  നല്‍കിയെന്നും  കാലാന്തരത്തില്‍ ഇത് രൂപാന്തരം വന്നാണ്  കൂട്ടിക്കൽ എന്നായത് എന്നും മറ്റൊരു  അഭിപ്രായവും നിലവിലുണ്ട് .

          ഒന്നുമില്ലായ്മയില്‍നിന്നും  നമ്മുടെ ഗ്രാമത്തെ ഇന്നത്തെ  കൂട്ടിക്കൽ ആയി മാറ്റുന്നതിനുവേണ്ടി  ഒരുപാട് സമാദരണീയരുടെ കഷ്ടപ്പാടുകള്‍ ഉണ്ട്  ഗ്രാമപഞ്ചായത്തിന്‍റെ രൂപീകരണത്തിന്  എല്ലാ വെല്ലുവിളികളെയും  നേരിട്ടുകൊണ്ട് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച പരേതനായ ശ്രീ  എൻ എ എബ്രഹാം, പരേതനായ  ശ്രീ പി ഐ രാമന്‍, ശ്രീ .ആര്‍ കൃഷണപ്പൻ എന്നിവരെ നന്ദിയോടെ സ്മരിക്കേണ്ടതാണ്. പഞ്ചായത്തിന്‍റെ രൂപീകരണത്തിനും  അതിനുശേഷവും ആത്മാര്‍ത്ഥമായി  ഒട്ടനവധി  കാര്യങ്ങള്‍ ചെയ്യുകയും ഗ്രാമപഞ്ചായത്ത് ഓഫീസിന് ആവശ്യമായിരുന്ന സ്ഥലവും കെട്ടിടവും സൗജന്യമായി നല്‍കുകയും ചെയ്ത പ്രഥമ പഞ്ചായത്ത് പ്രസിഡന്‍റ്  പരേതനായ ശ്രീ  കെ കെ എബ്രഹാം പൊട്ടംകുളം, കൂട്ടിക്കല്‍ പഞ്ചായത്തിന്‍റെ രൂപീകരണ ഉത്തരവ്  പുറപ്പെടുവിച്ച യശ്ശരീരനായ ശ്രീ അവുക്കാദര്‍കുട്ടിനഹ, ഇതിനായി ആത്മാര്‍ത്ഥമായി ശ്രമിച്ച അഡ്വ. വി എം എ കരീം , ശ്രീ കെ എസ് ഇബ്രാഹീം കല്ലുപുരയ്ക്കല്‍, ശ്രീ പി റ്റി നാണു എന്നിവരെയും നാം ഓര്‍ക്കേണ്ടതാണ്.

          നമ്മുടെ പഞ്ചായത്തിന്‍റെ  വളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവന നല്‍കിയ ശ്രീ മൈക്കിള്‍ എ കള്ളിവയലിൽ, പരേതനായ  ശ്രീ കെ എം മത്തായി  കട്ടൂപറമ്പിലിനേയും  സ്മരിക്കപ്പെടേണ്ടവരാണ്.